***********************
മഴയെ കാത്തിരുന്ന വേഴാമ്പലിനെ പോലെ വിശ്വാസികള്‍ക്ക് വീണ്ടും വിശുദ്ധ റമളാന്‍ വിരുന്നിനെത്തി. ഇത് സയ്യിദു ശ്ശുഹൂറാണ് . മാസങ്ങളുടെ നേതാവ് അത്രയേറെ ശ്രേഷ്ഠതകളും പവിത്രത്കളും ഉള്‍ക്കൊണ്ടിരിക്കുന്നു ഈമാസത്തില്‍. പുണ്യങ്ങളുടെ പൂക്കാലമാണിത് നന്മകള്‍ വര്‍ദ്ധിപ്പിച്ച് പ്രതിഫലങ്ങള്‍ കൊയ്തെടുക്കാന്‍ ; വിശപ്പിന്റെ ചൂളം വിളിഉയര്‍ത്തുന്ന വ്രതാനുഷ്ഠാനത്തിന്റെ പകലുകള്‍ . ഹളീറതുല്‍ ഖുദ്സ് എന്ന പ്രത്യേക സ്ഥലങ്ങളില്‍ നിന്നും കൂട്ടം കൂട്ടമായി ഇറങ്ങുന്ന മലക്കുകളുടെ സാന്നിദ്ധ്യമുള്ള തറാവീഹ് നിസ്കാരത്തിന്റെ രാവുകള്‍, പതിന്‍ മടങ്ങ് പ്രതിഫലങ്ങള്‍ പ്രതീക്ഷിച്ച് ഉറക്കമിഴിച്ചും പാരായണം ചെയ്ത് തീര്‍ക്കുന്ന ഖുര്‍ ആനികാന്ത രീക്ഷത്തിന്റെ രാപ്പകലുകള്‍ .
ഇടതുകരം പോലുമറിയാതെ ;അതിര്‍ വരമ്പുകള്‍ വിരിച്ചിടാതെ പാവപ്പെട്ടവനു സസന്തോഷം നല്‍കുന്ന സദഖയുടെ പുണ്യനാളുകള്‍.
ദിക്റും സ്വലാതും ദുആയും ഓതും ബൈതുമായി തേങ്ങുന്ന ഹ്രദയവുമായി ഉറങ്ങാത്ത കണ്ണുമായി വിതുമ്പുന്ന അധരങ്ങളുമായി പ്രതീക്ഷകളെല്ലാം നാഥനിലര്‍പ്പിച്ച് ഇരുകരവും നീട്ടി പരാതിപ്പെടുകയാണ് വിശ്വാസികള്‍ ഈ ധന്യമാസത്തില്‍, ഇബാദതുകള്‍ ചെയ്ത് ആത്മസായൂജ്യമടയുകയാണവര്‍. എല്ലാറ്റിനുമുപരി എല്ലാം മറന്ന് നാഥന്‍ അവര്‍ക്ക് സമ്മാനിച്ച എണ്‍പത്തിയഞ്ച് വര്‍ഷത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ലൈലതുല്‍ ഖദ്റ് എന്ന അതി പുണ്യമേറിയ ധന്യരാത്രിയെ പുലരുവോളം കാത്ത് കാത്തിരുന്ന് പാപങ്ങള്‍ ഏറ്റ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്ത് ആത്മ സംത്രപ്തിയുടെ ശാദ്വല തീരത്തണയാന്‍ വെമ്പല്‍ കൊള്ളുന്ന അള്ളാഹുവിന്റെ അടിയാറുകള്‍.........
അവസാനം നോമ്പില്‍ സംഭവിച്ചുപോയ പാകപ്പിഴവുകള്‍ക്ക് ശരീരത്തിന്റെ അവകാശവിഹിതവും സാധുക്കള്‍ക്ക് നല്‍കി ശഹ് റു റമളാന് സങ്കടത്തോടെ വിട പറഞ്ഞ് ഈദുല്‍ ഫിത്വറിന് ആഹ്ലാദത്തോടെ രാജകീയ വരവേല്പ് നല്‍കി; അള്ളാഹുവിന്റെ മഹത്തായ അപദാനങ്ങളെ പുകഴ്ത്തി തക് ബീര്‍ ധ്വനികളോടെ പള്ളികളിലേക്ക് ഒഴുകി ഈദ് മുബാറകിന്റെ ആശംസകള്‍ നേര്‍ന്ന് പരസ്പരം ആലിങ്കനം ചെയ്ത് സന്തോഷവും സ്നേഹവും പങ്കിടുന്നമുത്ത്നബിയുടെ ഉമ്മത്തീങ്ങള്‍
നിങ്ങളെ പടച്ചത് തന്നെ എനിക്ക് ആരാധനയര്‍പ്പിക്കാനാണെന്ന പടച്ചവന്റെ കല്പനക്ക് കളങ്കമില്ലാത്തമനസ്സ് കൊണ്ട് ഉത്തരം നല്‍കിയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗം കാത്തിരിക്കുന്നു എന്ന നാഥന്റെ വാക്കുകള്‍ സന്തോഷം പകരുന്നു.